അനധികൃത മൊബൈല്‍ ഫോണുകള്‍ക്ക് നിരോധം
നിയമ വിധേനയല്ലാത്ത മാര്‍ഗത്തിലൂടെ രാജ്യത്തെത്തുന്ന ഐ.എം.ഇ.ഐ (International Mobile Equipment Identity) കോഡുകളില്ലാത്ത മൊബൈല്‍ ഫോണുകള്‍ ഇനി നിശ്ചലമാവുകയാണ്. പ്രധാനമായും ചൈന, തായ്വാന്‍ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ഫോണുകളാണ് ഈ ഇനത്തില്‍ ഗ്രേ മാര്‍ക്കറ്റുകള്‍ വഴി ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇത്തരം ഫോണുകള്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും പിന്തുടരാന്‍ സാധ്യമാകാത്തത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ഫോണുകള്‍ മോഷണം പോയാല്‍ കണ്ടെത്താനും സാധ്യമായിരുന്നില്ല. സാമൂഹ്യ വിരുദ്ധര്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും മറ്റും ഈ ഫോണുകള്‍ ഒരളവുവരെ സഹായകമായി വര്‍ത്തിച്ചിരുന്നുവെന്നതും വലിയ തലവേദന തന്നെയായിരുന്നു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഫോണുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്റെ അപേക്ഷ പരിഗണിച്ച് ഡിസംബര്‍ ഒന്ന് വരെ അവധി നീട്ടുകയായിരുന്നു. ഡിസംബര്‍ ആദ്യത്തോടെ ഇപ്പോള്‍ നിരോധം പ്രാബല്യത്തില്‍ വരികയാണ്. ഇതുമുഖേന ഇന്ത്യയിലെ രണ്ടര കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ മാറ്റി പുതിയവ വാങ്ങുകയോ അതല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഐ.എം.ഇ.ഐ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് നിയമവിധേയമാക്കുകയോ ചെയ്യേണ്ടിവരും. അതേസമയം തങ്ങള്‍ക്ക് പെട്ടെന്ന് വലിയൊരു നഷ്ടം വരുത്തി വക്കുമെന്നതിനാല്‍ കാലാവധി അല്‍പം കൂടി നീട്ടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് സെല്ലുലാര്‍ ഓപറേറ്റര്‍മാര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ