പേജുകള്‍‌

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

3G

കരുതിയിരിക്കുക, മൂന്നാം തലമുറ മൊബൈല്‍ ഫോണ്‍!




ഫീല്‍ഡില്‍ പോയ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പാര്‍ക്കില്‍ സമയം കളഞ്ഞാലോ? കോളേജില്‍ പോയ വിദ്യാര്‍ഥി തിയേറ്ററില്‍ കയറി സിനിമ കാണുന്നുവെങ്കിലോ? നിങ്ങള്‍ കണ്ണൂരിലായിരിക്കെ നിങ്ങളെ വിളിച്ച ഭാര്യയോട് ഞാന്‍ കൊല്ലത്താണെന്ന് കളവ് പറഞ്ഞാലോ? ഇനി ഇതൊന്നും നടക്കാന്‍ പോവുന്നില്ല. ഇത്തരം കള്ളത്തരങ്ങള്‍ എപ്പോഴും പിടിക്കപ്പെട്ടേക്കാം. ടെലി കമ്മ്യൂണിക്കേഷന്‍ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം തലമുറ (3G) മൊബൈല്‍ ഫോണിന്റെയും നെറ്റ്വര്‍ക്കിന്റെയും ആഗമനമാണ് ഈ അവസ്ഥയില്‍ നമ്മളെ എത്തിക്കുന്നത്. ഇന്ത്യയില്‍ വന്‍ നഗരങ്ങളില്‍ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ ഈ സേവനം തുടങ്ങിക്കഴിഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങളിലായി നമ്മുടെ ഗ്രാമങ്ങളില്‍ വരെ '3ജി' സേവനം എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

പുതിയ തലമുറ മൊബൈലിലെ ജി.പി.എസ് സൌകര്യമാണ് ഉപയോക്താവിന്റെ സ്ഥാന നിര്‍ണ്ണയത്തിന് സഹായിക്കുന്നത്. '3ജി' വരുന്നതോടെ നിലവിലെ എസ്.എം.എസ് സേവനം എം.എം.എസ്സായി മാറും. അതായത് 'മള്‍ട്ടിമീഡിയ മെസ്സേജിംഗ് സര്‍വീസ്'. എസ്.എം.എസ് അയക്കുന്നത് പോലെ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയൊക്കെ നിഷ്പ്രയാസം ആര്‍ക്കും കൈമാറാനാവും. മൊബൈലില്‍ ഇന്ന് കേള്‍ക്കുന്ന എം.പി 3 പാട്ടുകള്‍ക്ക് പകരം ടി.വി പരിപാടികളും ചാനലുകളും ലഭ്യമാക്കാം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇപ്പോള്‍ 8^9 മിനിറ്റ് സമയമെടുക്കുന്ന സ്ഥാനത്ത് മൂന്നാം തലമുറ മൊബൈലില്‍ 14^15 സെക്കന്റുകള്‍ മാത്രമേ എടുക്കൂ.

പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തൊട്ടടുത്തിരുന്ന് സംസാരിക്കുന്നതുപോലെ അത്യധികം വ്യക്തതയോടെ സംസാരം ശ്രവിക്കുകയും ചെയ്യാം. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും ഇതൊരുക്കുന്നു. നിലവില്‍ ശബ്ദത്തിന് ഊന്നല്‍ നല്‍കുന്ന 2ജി, 2.5ജി സേവനങ്ങള്‍ കാഴ്ചവെക്കുന്ന മൊബൈലുകളെക്കാള്‍ ഒട്ടേറെ സവിശേഷതകളുമായിട്ടാണ് 3ജി കടന്നുവരുന്നത്.
*****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ