പേജുകള്‍‌

2013, ജനുവരി 24, വ്യാഴാഴ്‌ച


നമ്പരില്ലാത്ത  യാഥാര്‍ഥ്യങ്ങള്‍ 
 ആരെയെങ്കിലും ആവേശം കൊള്ളിക്കാന്‍ ആരെങ്കിലും ബോധത്തോടെയോ ബോധമില്ലായ്മയോടെയോ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ആവേശ കാറ്റിന്റെ ഉവിടത്തിലേക്ക് പോയാല്‍ ചെന്നെത്തുന്നത് ഉടുമ്പന്‍ചോലയിലെ ശാന്തന്‍പാറയിലേക്കും സേനാപതിയിലേക്കും അതിനു ചുറ്റുവട്ടമുള്ള തോട്ടം മേഖലകളിലെക്കുമാണ് . കേരളവും മോഡിയും ബി ബി സി യും ലോകവും ഒന്നടങ്കം ഞെട്ടിയെങ്കിലും ആ പ്രദേശത്തുകാരില്‍ പഴമക്കാര്‍ ഓര്‍മകളിലേക്കും പുതുതലമുറക്കാര്‍ കേട്ടറിവുകളിലേക്കും ചെന്നെത്തി. അവിടുത്തെ ഓരോ ഗ്രാമവും പ്രശസ്തമായി. സേനാപതിക്കും രാജാക്കാടിനും രാജകുമാരിക്കുമൊക്കെ പേരില്‍ രാജ പ്രൗഡ്ഡി ഉണ്ടെങ്കിലും ഇവിടുത്തെ ജനങ്ങളെല്ലാം സാധാരണക്കാരാണ്. ഈ സ്ഥല നാമങ്ങളുടെ പിന്നിലും വലിയ കഥകള്‍  കേള്‍ക്കാം. ഉടുമ്പന്‍ചോല , ദേവികുളം ബ്ലോക്കുകളില്‍ ഉള്ള പല സ്ഥല നാമങ്ങളും രാമായണ മഹാഭാരത കഥകളെ ഓര്‍മ്മപ്പെടുത്തുന്നു. പണ്ട് ഈ പ്രദേശങ്ങള്‍ പൂഞ്ഞാര്‍ രാജാക്കന്മാരുടെ അധീനതയില്‍ ആയിരുന്നു (പി സി ജോര്‍ജ് അവകാശവാദം പറയരുത് ). സ്ഥലവാസികള്‍ക്ക് ആദ്യമായി പട്ടയം കിട്ടിയത് രാജാവില്‍ നിന്നാണ്. ചെമ്പോല പട്ടയങ്ങളായിരുന്നു അവ. പിന്നീട് കൃഷിക്കായി ഭൂരിഭാഗം സ്ഥലങ്ങളും പൂഞ്ഞാര്‍ രാജാവില്‍ നിന്നും ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്തു. ഇത് ഏ ഡി 1887 ല്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.
മണ്ണ് പൊന്ന് വിളയിക്കുന്നു എന്നു മനസിലാക്കിയ ബ്രിട്ടീഷുകാര്‍ വീണ്ടും വീണ്ടും കൃഷി വിപുലപ്പെടുത്തി. ആദ്യ കൃഷിയായ തേയിലയില്‍ നിന്നും മറ്റു കൃഷികളും പരീക്ഷിക്കാന്‍ തുടങ്ങി. കാട്ടിലെ സ്വര്‍ണം സുഗന്ധ വ്യഞ്ജനങ്ങളുടെ രൂപത്തിലാണ് എന്ന്  തിരിച്ചറിഞ്ഞ അവര്‍ പന്നിയാര്‍, ശാന്തന്‍പാറ, പൂപാറ , ഉടുമ്പന്‍ചോല പ്രദേശങ്ങളിലെ ഘോരവനങ്ങള്‍ വെട്ടിതെളിച്ച് കൃഷിയിറക്കി മണ്ണു പൊന്നാക്കി. ഇതിനായി തമിഴ്നാട്ടില്‍ നിന്നും നിരവധി കുടുംബങ്ങളെ കങ്കാണിമാര്‍ മുഖേന പണിയെടുക്കാന്‍ ബ്രിട്ടീഷുകാര്‍ കൂട്ടികൊണ്ടുവന്നു. ഇവിടുത്തെ കുടിയേറ്റക്കാരായ ആദ്യകാല തമിഴര്‍ ടിപ്പുവിന്റെ പടയോട്ട കാലത്ത് മധുര ആക്രമണവിധേയമായപ്പോള്‍ ഭയത്തോടെ പാലായനം ചെയ്ത് വന്നവരാണെന്നും പറയപ്പെടുന്നു. തമിഴ് സാന്നിധ്യത്തിന് ഇപ്പോഴും കുറവൊന്നും ഇവിടില്ല. ഒരു തമിഴ് മലയാള സംസ്ക്കാരം. ഇപ്പോഴും തോട്ടം തൊഴിലാളികളില്‍ അധികവും തമിഴര്‍. നിരവധി ആദിവാസികളും ഉണ്ട്. ഇന്നാട്ടിലെ തമിഴ് സാന്നിധ്യം കുറക്കാന്‍ 1954 ല്‍  പട്ടം താണു പിള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ഈ പ്രദേശങ്ങളില്‍ കുടിയേറ്റത്തിനു അനുമതി നല്‍കി. മലയാള ഭൂരിപക്ഷ മേഖലകളായി  ഭാഷടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തില്‍ ഇടുക്കി ജില്ലയുടെ ഭാഗമായി. ആദ്യം കുടിയേറ്റവും പിന്നീട് കയ്യേറ്റവുമായി ഇവിടങ്ങളില്‍. കുടിയേറിയവരില്‍ കയ്യൂക്കുള്ളവരും ഈ അടുത്ത കാലത്ത് വന്ന പുത്തന്‍കൂറ്റുകാരും  കയറി എടുത്ത അനധികൃതമായതാണ് കയ്യേറ്റം. ജീവിക്കാന്‍ മണ്ണറിയുന്ന ഉച്ചനീചത്വങ്ങളില്ലാത്ത എല്ലാ മത ജാതി വിഭാഗങ്ങളും ഇടകലര്‍ന്ന ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത സംസ്ക്കാരം ഇന്നും ഈ നാട്ടുകാരില്‍ കാണാം. അടുത്തടുത്ത്‌ പരസ്പരം നോക്കി നില്‍ക്കുന്ന അമ്പലവും പള്ളിയും പണ്ട് മുതല്‍ ഇന്നേ വരെയുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും സൗഹാര്‍ദത്തിന്റെയും തെളിവാണ്.
കുടിയേറ്റത്തിന്റെ കഥ പറയുന്ന സേനാപതിയും പരിസര പ്രദേശങ്ങളും പരിപൂര്‍ണമായും കാര്‍ഷിക മേഖലകളാണ്. ഏലം, കുരുമുളക്, കാപ്പി, കപ്പ, വാഴ, ഗ്രാമ്പു, മഞ്ഞള്‍ കൊക്കോ, ഇഞ്ചി, ജാതി, പച്ചക്കറികള്‍ തുടങ്ങി ഈ നാട്ടില്‍ വിളയാത്ത വിളകളില്ല. ആദ്യ കാലത്ത് വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്ത്‌ സ്ഥാനമുറപ്പിക്കാന്‍ ഈ നാട്ടില്‍ ഒറ്റ കെട്ടിടമേ ഉണ്ടായിയുന്നുള്ളൂ . ഗവ ണ്‍മെന്റ് ട്രൈബല്‍ സ്കൂള്‍ , അരിവിളംചാല്‍. ആദ്യ കാല കുടിയേറ്റം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പട്ടിണിയും ദാരിദ്ര്യവും  രോഗങ്ങളും മൃഗങ്ങളും കാലാവസ്ഥാ പ്രശ്നവും നിലനില്പില്‍ പോലും വിള്ളല്‍ വീഴ്ത്തുന്നതായിരുന്നു. അന്ന് കുടിയേറിയവര്‍ മുതല്‍ ഇന്നുള്ളവരുടെ  വരെ ശരീരത്തില്‍ കിനിഞ്ഞ ഓരോ വിയര്‍പ്പു തുള്ളികളും സേനാപതിയെയും പ്രദേശങ്ങളെയും വലിയ രീതിയില്‍ വികസിച്ചിട്ടില്ലാത്ത പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ജീവിത സംസ്ക്കാരത്തില്‍ ഇന്നെത്തിച്ചു. 
ഒന്നുമില്ലായ്മയില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിച്ച്  എടുക്കുന്ന കര്‍ഷക അച്ഛനമ്മമാരെ ഇന്നാട്ടില്‍ കാണാം. വൈറ്റ് കോളറുകള്‍ ഇല്ല. കോളര്‍ മുഴുവന്‍ വിയര്‍പ്പില്‍ ബ്ലാക്കാകും. ഒരു കാലത്ത് പിള്ളേരുടെ കല്യാണം 30 കളിലോ അതിനു തൊട്ടടുതോ ആകും. കാരണം കാര്‍ന്നോന്മാര്‍ എന്തേലും കരുതി വരുമ്പോള്‍ മക്കള്‍ക്ക് അത്ര പ്രായമാകുമായിരുന്നു. യൂണിയന്‍ പണിയും ടെമ്പറുവരി പണിയും മാറ്റാള്‍ പണിയും സ്വന്തം പുരയിടത്തിലെ പണിയും തുടങ്ങി പണിയോടു പണി.      
എട്ടണയും പത്തണയുമായി  തുടങ്ങിയ കൂലി ഇന്ന് 200 ല്‍ അധികമെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കേണ്ടി വരും. ഇവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ആരൊക്കെ നേതൃത്വം കൊടുത്തു, നേടിയെടുത്തു എന്നൊക്കെ പറഞ്ഞാലും അവരുടെ പോരാട്ടങ്ങളുടെ അജണ്ട മറ്റൊന്നായിരുന്നോ? അതോ അതുകൊണ്ടാണോ ഇത്രയെങ്കിലും. ആകാന്‍ വഴിയില്ല. നാട് ഓടിയപ്പോ നടുവേ അല്ലെങ്കിലും സൈഡിലൂടെ എങ്കിലും ഓടിയപോലെയെ ഇതുള്ളു. ടെമ്പറുവരി പണിക്ക് കൂലി കുറവായിരുന്നു. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള സമരമായിരുന്നു എന്നൊക്കെ ചോര കൊണ്ട് കളിച്ചവര്‍ പറയുമെങ്കിലും എല്ലാവരും കര്‍ഷകര്‍ എന്ന് അറിയപ്പെട്ടു. തൊഴിലാളിക്ക് മുന്‍പേ മണ്ണിലിറങ്ങുന്ന മുതലാളി, ഒരേ പാത്രത്തില്‍ നിന്നും കപ്പയും ഉണക്ക മീനും കാന്താരിയും കട്ടനുമൊക്കെ കഴിക്കുന്നവര്‍, കല്യാണമോ മരിച്ചടക്കോ മറ്റു വിശേഷങ്ങലോ വന്നാല്‍ വീടുകാര്‍ക്ക് മുന്നേ സജീവമാകുന്ന നിറ വ്യത്യാസങ്ങളോ സാമ്പത്തിക സ്ലാബുകളോ പ്രശ്നമാക്കാത്ത  നല്ലവര്‍, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ തൊട്ടടുത്ത ടൌണ്‍ ആയ "സിറ്റി"കളില്‍ ഒത്തുകൂടുന്നവര്‍, അങ്ങും ഇങ്ങുമൊക്കെ മാറി രണ്ടെണ്ണം  അടിച്ച് 'എന്നാ വിശേഷം ' എന്ന് സ്നേഹം പുതുക്കി കുശലം  ചോദിക്കുന്നവര്‍, കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള ഓരോ വീട്ടിലെയും ഓരോരുത്തരെയും അറിയാവുന്നവര്‍, സിഗരറ്റിനെക്കാള്‍ ബീഡി വലിക്കുന്നവര്‍ അങ്ങനെയാണ് ഈ നാട്ടിലെ വിശേഷങ്ങള്‍. മലയാളികളില്‍ തോട്ടം ഉടമകള്‍ കുറവാണ്. കൂടുതലും രണ്ടോ മൂന്നോ നാലോ അഞ്ചോ ആറോ ഏക്കറുകള്‍ ഉള്ളവര്‍. തൊഴിലാളികള്‍ കൂടുതലും തമിഴ്ക്കാര്‍. സ്വന്തം നാട്ടിലേക്കാള്‍ ഇവിടെ കൂലി കൂടുതല്‍ കിട്ടുമെന്ന് അവര്‍ പറയുന്നു. വന്‍കിട തോട്ടം ഉടമകളില്‍ ഭൂരിഭാഗവും ആ നാട്ടുകാരല്ല. കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്ന് വന്നു തോട്ടം വാങ്ങിയവരാണ്.  ഈ മുതലാളിമാരില്‍ മിക്കവരെയും ആ നാട്ടില്‍ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ടാവില്ല. തോട്ടം നോക്കാന്‍ എല്പ്പിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തരായ ഒരു കുടുംബത്തെയോ തന്നെ അവിടെ പാര്‍പ്പിച്ചാണ് അവര്‍ കാര്യങ്ങള്‍ കൂടുതലും മാനേജ് ചെയ്തിരുന്നത്. ആദ്യ തോട്ടമുടമകള്‍ മിക്കവരും തമിഴരായിരുന്നു. തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ട് വരുന്ന കങ്കാണിമാരില്‍ ചിലര്‍ തോട്ടത്തിലെ തന്നെ സൂപ്പര്‍വൈസര്‍ ആയും നിലകൊണ്ടു. തമിഴര്‍ മാത്രമായിരുന്നില്ല തൊഴിലാളികള്‍. മലയാളികളും ഉണ്ടായിരുന്നു. മലയാളികളായ തോട്ടം ഉടമകളില്‍ ജില്ലക്ക് ഉള്ളിലുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇന്ന് ചെറിയ മാറ്റം എന്നല്ലാതെ വലിയ വ്യത്യാസം ഇക്കാര്യത്തില്‍ ഇല്ല. 
ഉടുമ്പന്‍ചോല താലൂക്കിലെ ഓരോ 'സിറ്റി'യിലും റോഡുകള്‍ കൂടുന്ന മുക്കിലുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ കാണാം. ഒരു പക്ഷെ കേരളത്തില്‍ മറ്റെങ്ങും ഇതുപോലുണ്ടാവില്ല. ഈ കൊടികള്‍ ഉയര്‍ന്നു നില്‍ക്കുന്ന മണ്ണില്‍ രാഷ്ട്രീയത്തിന് നല്ല വളക്കൂറാണ്. ആ രാഷ്ട്രീയ വേരോട്ടത്തിന്റെ നേര്‍ കാഴ്ചയില്‍ ചോര വീണ മണ്ണും ഉണ്ട്. വാദങ്ങളും പ്രതിവാദങ്ങളും എന്തായാലും രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചവര്‍ ഉണ്ടെന്നത് യാഥാര്‍ഥ്യം. കൊന്നവര്‍ വെറും ടൂള്‍സ് മാത്രമായിരുന്നെങ്കില്‍ കൊല്ലിച്ചവരായിരുന്നു വില്ലന്മാര്‍. ആ മണ്ണിന്റെ രാഷ്ട്രീയ വളക്കൂറു തിരിച്ചറിഞ്ഞവര്‍. പതിമൂന്നു നമ്പരുകള്‍ കഴിഞ്ഞാല്‍ ഈ നാട്ടില്‍ ഏകാധിപത്യം എന്ന് സ്വപ്നം കണ്ടവര്‍. ഓരോ നമ്പര്‍ പൂര്‍ത്തിയാകുമ്പോഴും കൊന്നവര്‍ ഹീറോകളും മരിച്ചവര്‍ ഹൊററുകളുമായിരുന്നു  എന്ന് പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ച കമ്മിറ്റികളും യോഗങ്ങളും പ്രകടനങ്ങളും പിന്നീട്. ഐ എന്‍ ടി യു സി ക്കാര്‍ക്ക് മുതലാളി പരിവേഷം നല്‍കി സി ഐ ടി യു ക്കാര്‍ തൊഴിലാളി വേഷമേറ്റെടുത്തു. സ്വസ്ഥമായി പണി എടുത്തവരും പണിക്ക് വേണ്ടി ആരെയും ആശ്രയിക്കെണ്ടാത്തവരും അല്ലലില്ലാതെ അടുപ്പ് പുകയുന്നവരും സി ഐ ടി യു വിലെക്കോ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളിലെക്കോ പോകാന്‍ താല്പര്യം കാണിച്ചില്ല. 
ആദ്യകാലത്തെ കങ്കാണി രീതി ഇല്ലാതായെങ്കിലും ആ വിടവ് നികത്താന്‍ മറ്റൊരു സംവിധാനം വന്നു. ഒരു കേന്ദ്ര ബിന്ദു. ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍. ശാന്തന്‍പാറ ടൌണില്‍ ചെന്നാല്‍ കാണാം. ഇവിടെ നിന്ന് എസ് ഐ യുടെയും സി ഐ യുടെയും ഡി വൈ എസ് പി യുടെയുമൊക്കെ പവര്‍ ഉള്ളവര്‍ പറഞ്ഞാല്‍ പറഞ്ഞത്. നിയന്ത്രിത അനിയന്ത്രിത രേഖകള്‍ അവര്‍ വരക്കും. തോട്ടം മേഖല അനുസരിക്കും. അനുസരിക്കാത്തവര്‍ക്ക് നമ്പര്‍ കിട്ടാം. നമ്പര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞ പശ്ചാതലത്തില്‍ അത് എന്ത് ഏത് എന്നൊക്കെ 
 പരിശോധിക്കുമ്പോള്‍ വെടിയും ഇടിയുമൊക്കെ ചേര്‍ത്ത് നോക്കിയപ്പോ അഞ്ചേരി ബേബിയും മുല്ലഞ്ചിറ മത്തായിയും മുട്ടുകാട് നാണപ്പനും ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി. ആദ്യ വെടി പൊട്ടിയ 1982 മുതല്‍ 30 വര്‍ഷങ്ങള്‍  ചിതറിയ രക്തത്തില്‍ ചുവപ്പായ മണ്ണ് അധികവും ശാന്തന്‍പാറ, സേനാപതി, ചിന്നക്കനാല്‍,ബൈസന്‍വാലി, രാജകുമാരി ഏരിയകളിലാണ്. ഐ എല്‍ നായിഡുവും ആറ്റുകാട് രാമകൃഷ്ണനും സണ്ണിയും വലരിയില്‍ കുട്ടച്ചനും ബാലുവുമൊക്കെ ഒന്നിന് പുറകെ ഒന്നായി കൊല്ലപ്പെട്ടു. കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും കൊലയാളികള്‍ എന്ന് പറഞ്ഞു പിടികൊടുത്തവര്‍ക്ക് ഒന്നും പിടി കിട്ടിയില്ല. ഇവിടെയുമൊക്കെ കമ്പ്ലീറ്റായി ലിസ്റ്റ് ഇട്ടു കൊടുത്തു. സാക്ഷി പറയാനൊന്നും ആര്‍ക്കും ധൈര്യമൊന്നും ഇല്ലാത്തതിനാല്‍ പ്രതികള്‍ എന്ന് പറഞ്ഞവരൊക്കെ നെഞ്ചും വിരിച്ചു നടന്നു. ഇനി അകത്തു പോയാലും പെന്‍ഷന്‍ കിട്ടും. കണ്ണൂര്‍ പോലെ. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ മിനി മോഡലായിരുന്നു ഹൈറേഞ്ചില്‍. 
ആഴ്ച പതിപ്പുകളില്‍ മംഗളത്തിലെയും മനോരമയിലെയുമൊക്കെ തുടര്‍ക്കഥകള്‍ കൂടുതലായി വായിക്കുന്നവരെ ഇന്നാട്ടില്‍ കാണാം. ആവേശം കൊള്ളിക്കാന്‍ നമ്പരിട്ടതായാലും നമ്പരിട്ട് ആവേശം കൊള്ളിച്ചതായാലും അത് തുടര്‍ കഥയാണോ അവസാനിച്ച കഥയാണോ എന്ന് അടുത്ത ലക്കത്തില്‍ എന്ത് സംഭവിക്കും എന്ന് നോക്കുന്നത് പോലെ കാത്തിരിക്കാം.


Inline image 1
   അരിവിളംചാല്‍ ഗവ. ട്രൈബല്‍ സ്കൂള്‍ ഇന്നത്തെ നിലയില്‍ 

Inline image 2
രാജാക്കാട് സേനാപതി പഞ്ചായത്തുകള്‍ സംഗമിക്കുന്ന കനകപ്പുഴയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരങ്ങള്‍ 

Inline image 3
രാജാക്കാട് സേനാപതി പഞ്ചായത്തുകള്‍ സംഗമിക്കുന്ന കനകപ്പുഴയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരങ്ങള്‍ 

Inline image 4
ഇത് സേനാപതി ഗ്രാമ പഞ്ചായത്ത് - പത്രം വായിക്കുന്നൊരു സഞ്ചാരി 

Inline image 5
ഒരു ഏലത്തോട്ട കാഴ്ച 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ