| കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്ന് |
തുടര്‍ച്ചയായ കമ്യൂണിസ്റ്റ് പീഡനങ്ങളെ നേരിട്ടും മറികടന്നും കണ്ണൂരില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊരുതി വളര്‍ന്ന നേതാവാണ് കെ.സി. വേണുഗോപാല്‍. ദേശീയ പ്രസ്ഥാനത്തിന് പാരമ്പര്യ അടിത്തറയുള്ള പയ്യന്നൂരില്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നടത്തിയ സാഹസിക സമരങ്ങള്‍ കേരളത്തിന്റെ ശ്രദ്ധ നേടിയെടുത്തു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപഹസിക്കുന്ന തരത്തില്‍ പയ്യന്നൂര്‍ കോളജിലെ എസ്.എഫ്.ഐ യൂണിയന്‍ മാഗസിനിലൂടെ നടത്തിയ ഹീനമായ പ്രചാരണം ചോദ്യം ചെയ്തത് വേണുഗോപാലായിരുന്നു. കോളജ് മാഗസിനില്‍ നിന്ന് നിന്ദാവാക്കുകള്‍ അടങ്ങിയ ആ ലേഖനം പിന്‍വലിക്കുന്നതുവരെ നിരാഹാര സത്യാഗ്രഹം നടത്തിയ വേണുഗോപാല്‍ കമ്യൂണിസ്റ്റ് കോട്ടയില്‍ ആദ്യത്തെ ഉള്‍ക്കിടിലം സൃഷ്ടിച്ചു. അന്നുമുതല്‍ രാഷ്ട്രീയ ശത്രുക്കളുടെ നോട്ടപ്പുള്ളിയായിത്തീര്‍ന്നു ഈ ചെറുപ്പക്കാരന്‍. കേന്ദ്ര ഊര്‍ജസഹമന്ത്രിയായി കെ സി വേണുഗോപാല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ കരുത്തനായി വളര്‍ന്ന നേതാവിന് അത് മറ്റൊരംഗീകാരമായി. സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ വീര സ്മരണകള്‍ തുളുമ്പുന്ന പയ്യന്നൂരിന്റെ മണ്ണില്‍ ഇതാദ്യമായി കേന്ദ്രമന്ത്രി പദമെത്തിയപ്പോള്‍ നാട്ടുകാരില്‍ ആഹ്ലാദം അലയടിക്കുകയാണ്. ആലപ്പുഴയുടെ ജനപ്രതിനിധിയാണെങ്കിലും കെ.സി വേണുഗോപാല്‍ പയ്യന്നൂര്‍ സ്വദേശിയാണ്. അതുകൊണ്ടുതന്നെ ആലപ്പുഴയ്‌ക്കൊപ്പം കണ്ണൂരിനും കിട്ടുന്നൊരു അംഗീകാരമാണിത്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ 1963 ഫെബ്രുവരി നാലിനാണ് വേണുഗോപാലിന്റെ ജനനം. അച്ഛന്‍ പരേതനായ കുഞ്ഞുകൃഷ്ണന്‍ നമ്പി. അമ്മ ജാനകിയമ്മ. വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അമരക്കാരനായി പയ്യന്നൂരില്‍ നിന്ന് ഏറെതിളങ്ങിയ ശേഷമാണ് കെ.സി വേണുഗോപാല്‍ ആലപ്പുഴയെ തന്റെ കര്‍മ്മ മണ്ഡലമാക്കിയത്.ഏഴാം ക്ലാസ് മുതല്‍ രാഷ്ട്രീയരംഗത്തുണ്ട്. കെ എസ് യുവിലൂടെയായിരുന്നു തുടക്കം. പിന്നീട് പയ്യന്നൂര്‍ കോളജില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. രമേശ് ചെന്നിത്തല കെഎസ്‌യു പ്രസി ഡന്റായിരിക്കുമ്പോഴാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് വേണുഗോപാല്‍ കടന്നുവരുന്നത്. 1991-ല്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു. 1996-ല്‍ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. തുടര്‍ച്ചയായി മൂന്നുതവണ ആലപ്പുഴയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2004-06ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം-ദേവസ്വം മന്ത്രിയായിരുന്നു. എംഎല്‍എ ആയിരിക്കെ കഴിഞ്ഞതവണ പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. ഇപ്പോള്‍ എഐസിസി അംഗമാണ്. കെപിസിസി എ ക്‌സി ക്യൂട്ടീവിലുമുണ്ട്്. 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. അതിനു മുമ്പ് അഞ്ചുവര്‍ഷം കെഎസ്‌യു പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തെ ഇളക്കി മറിച്ച ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് കെ സി വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരിക്കേ നേതൃത്വം നല്‍കി. നേരത്തേ സംസ്ഥാന ദേവസ്വം -ടൂറിസം മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജില്ലയില്‍ നല്‍കിയ ആദ്യ സ്വീകരണം ജന്മനാടായ പയ്യന്നൂരിലായിരുന്നു. അന്ന് പൗരാവലി നല്‍കിയ സ്വീകരണത്തിന് വേണുഗോപാല്‍ നല്‍കിയ ഉപഹാരമാണ് ഒരുകോടിയിലേറെ രൂപ ചെലവില്‍ നവീകരിച്ച് നഗരസഭക്ക് കൈമാറിയ പയ്യന്നൂരിലെ ഗാന്ധിപാര്‍ക്ക് മലബാറിലെ ആയിരത്തിലധികം ക്ഷേത്ര സ്ഥാനികര്‍ക്ക് വേതനം നല്‍കാനുള്ള തീരുമാനവും വേണുഗോപാലിന്റേതായിരുന്നു. ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ വേണുഗോപാല്‍ പതിനെട്ടാം വയസില്‍ ലഭിച്ച ബാങ്ക് ഉദ്യോഗവും എന്‍ജിനീയറിംഗ് അഡ്മിഷനും വേണ്ടെന്നുവച്ചാണ് രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയത്. പിന്നീട് നിയമബിരുദവും കരസ്ഥമാക്കി. തിരക്കുപിടിച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയ്ക്കും സിനിമയെയും സംഗീതത്തെയും സ്‌നേഹിക്കുന്ന വേണുഗോപാല്‍ മികച്ചൊരു കായികതാരവുമായിരുന്നു. മൂന്ന് തവണ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ഇന്റര്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ താരമായിരുന്നു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ