പേജുകള്‍‌

2012, ജൂലൈ 3, ചൊവ്വാഴ്ച

മാറാത്ത മാരണങ്ങളും നാറിയ നയങ്ങളും

കേരളം ഒരു പുതിയ സമൂഹമായി മാറിയ കാര്യം ഇനിയും മനസ്സിലാക്കാത്ത ഏക രാഷ്ട്രീയപ്രസ്ഥാനമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സി.പി.എം.
''സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുക'' എന്ന് ആഹ്വാനം ചെയ്ത കാള്‍ മാര്‍ക്‌സിന്റെ സാങ്കല്‍പിക ആശയലോകത്തുനിന്ന് ഇവര്‍ക്ക് മോചനമില്ലെന്നതോ പോകട്ടെ, മാറുന്ന ജീവിതത്തിന്റെ ആവശ്യവും അഭിരുചികളും തിരിച്ചറിയാന്‍ പോലും ഇന്നത്തെ നവകമ്യൂണിസ്റ്റ് നേതൃത്വത്തിന് കഴിയുന്നില്ല. മാര്‍ക്‌സ് എന്ന പഴമുറം കൊണ്ട് എല്ലാ പ്രശ്‌നങ്ങളെയും തടുക്കാം എന്ന് അവര്‍ വിശ്വസിക്കുകയോ ജനങ്ങളെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നു. ഇതിനേക്കാള്‍ വലിയ വങ്കത്തരം ഇപ്പോള്‍ ഭൂമുഖത്ത് വേറെയില്ല.

അമ്പത്തിയഞ്ച് വര്‍ഷം മുമ്പ് കേരളത്തില്‍ നാമമാത്രമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളര്‍ന്ന് പല കഷണങ്ങളായെങ്കിലും അവയൊന്നും വിചാരഗതികളിലോ വിശ്വാസങ്ങളിലോ സങ്കല്‍പങ്ങളിലോ യാതൊരു മാറ്റവും പ്രകടിപ്പിക്കുന്നില്ല. കേരളം ഉറങ്ങുന്ന ഗ്രാമങ്ങളുടെ ഭൂമികയായിരുന്ന കാലത്തുനിന്ന് ഒരുപാട് മുന്നോട്ടുപോയി. രണ്ട് തലമുറകള്‍ പിന്നിടുമ്പോള്‍ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ നാട് ഒരു നീണ്ടനഗരമായി മാറിയ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങളുടെ ഭൗതിക ജീവിതഗതിയില്‍ ഉണ്ടായമാറ്റങ്ങളേക്കാള്‍ വലുതാണ് അടിസ്ഥാന മനോഭാവങ്ങളില്‍ വന്ന വ്യതിയാനങ്ങള്‍. ''അരിയെവിടെ, തുണിയെവിടെ'' എന്ന മുദ്രാവാക്യവും മുഴക്കി പട്ടിണിസമരങ്ങള്‍ നടത്തിയ കാലം പോയി.

ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ഭൗതികവളര്‍ച്ചയേക്കാള്‍ സാമൂഹിക പുരോഗതി കൈവരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനും കേരളം മാതൃകയുമാണ്. വിദ്യാഭ്യാസംനേടി നാടുവിട്ടുപോയ കേരളീയര്‍ അദ്ധ്വാനത്തിലൂടെ സമാഹരിച്ച ധനം കേരളത്തിന്റെ ജീവിതഗതിയെ ഉടച്ചുവാര്‍ത്തു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണര്‍വും ഉന്മേഷവും കൈവരിച്ച് കേരളമുണ്ടാക്കിയ വളര്‍ച്ച തിരിച്ചറിയാത്ത ഏക പ്രസ്ഥാനമാണ് സി.പി.എം. പഴയ ഭക്ഷ്യസമരകാലത്തെ ദ്രവിച്ച ആശയങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് ജനങ്ങളെ വശീകരിക്കാമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ബന്തും ഹര്‍ത്താലും പിക്കറ്റിങ്ങ് സമരങ്ങളും പ്രകടനവുമല്ലാതെ സി.പി.എമ്മിന് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പുതുതായി ഒന്നുമില്ല.
ഒരുനുള്ള് ഉപ്പുണ്ടാക്കി ഒരു സിംഹാസനത്തെ പറത്തിയ മഹാമനീഷിയെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യം സ്ഥാപിക്കുമെന്ന് പാവങ്ങളെ വിശ്വസിപ്പിച്ചു. തൊഴിലെല്ലാം കമ്പ്യൂട്ടര്‍ ഏറ്റെടുത്തപ്പോള്‍ യന്ത്രത്തിന് സ്വയം സംഘടിക്കാന്‍ പറ്റില്ലെന്ന സത്യം ഏറ്റുപറഞ്ഞ് തിരുത്താന്‍ നേതാക്കള്‍ കൂട്ടാക്കുന്നില്ല. നമ്മള്‍ കൊയ്യുന്ന വയലുകള്‍ മുഴുവന്‍ നമ്മുടേതാകുമെന്ന് കൃഷിത്തൊഴിലാളികളോട് കിന്നരിച്ചവര്‍ കൃഷിഭൂമി മാഞ്ഞുപോയത് കണ്ടില്ലെന്ന് നടിച്ചു. ഇപ്പോള്‍ തലകൊയ്യാന്‍ ശത്രുക്കളെ അന്വേഷിച്ച് അക്രമിസംഘങ്ങളെ വിടുന്നു.

കുറ്റവാളികളുടെ ഒരു കൂടാരമായി മാറിയ സി.പി.എമ്മിന്റെ വിഭാഗീയ നേതാവെന്ന നിലയില്‍ ദിനംതോറും വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന പിണറായി വിജയനും അതില്‍നിന്ന് കൗശലപൂര്‍വം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വി.എസ് അച്യുതാനന്ദനും തമ്മിലുള്ള ബലപരീക്ഷണമാണ് കമ്യൂണിസത്തിന്റെ നടപ്പുദീനം. ഇരുവരും ആശയപരമായ പട്ടിണിയിലാണ്. ജനങ്ങള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് എത്രയോ അകലെയാണെന്ന് അറിയാത്തവര്‍ അവര്‍ മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ