പേജുകള്‍‌

2013, മേയ് 1, ബുധനാഴ്‌ച


ഗ്രൌണ്ട് സ്റ്റാഫിന്റെ പാഠപുസ്തകം 

അവതാരിക 

നീണ്ട ക്രിക്കറ്റ് സീസണിന്റെ അവസാനം ഗ്രൌണ്ടും പിച്ചുകളും നവീകരിക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും നല്ല സമയം മഴക്കാലത്തിന് തൊട്ടു മുൻപാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള സമയം ( ഓഫ് സീസണ്‍) പിച്ചുകളുടെയും ഗ്രൌണ്ടിന്റെയും പുനരുദ്ധാരണത്തിനും, യന്ത്രസാമഗ്രികളുടെ കേടു പാടുകൾ തീർക്കാനും മറ്റും ഉപയോഗിക്കണം. 
  മേൽപറഞ്ഞ ജോലികൾ, ശാസ്ത്രീയമായി ചെയ്യേണ്ട രീതികൾ വിശദീകരിക്കാൻ നടത്തുന്ന വർക്ക് ഷോപ്പ് നു അനുബന്ധമായി തയ്യാറാക്കിയതാണ് ഈ ചെറിയ പാഠപുസ്തകം. 


ഉള്ളടക്കം 

 വിക്കറ്റ് നിർമ്മാണം 
 ഓഫ് സീസണ്‍ പുനരുദ്ധാരണം 
 ഓഫ് സീസണ്‍ ഔട്ട്‌ ഫീൽഡ് പുനരുദ്ധാരണം 
 യന്ത്രസാമഗ്രികൾ 

1. വിക്കറ്റ് നിർമ്മാണം 

വിക്കറ്റ് നിർമ്മിക്കുന്നതിന് ഇപ്പോൾ ശാസ്ത്രീയമായി ഗവേഷണം നടത്തി തെളിയിക്കപ്പെട്ട പുതിയ രീതികളുണ്ട്. അതിൽ ഏറ്റവും ഉത്തമമായി കണ്ട രീതിയാണ് ത്രിതല വിക്കറ്റുകൾ. 
ത്രിതല വിക്കറ്റ് 
           ത്രിതല വിക്കറ്റിൽ ഏറ്റവും മുകളിലെ തട്ട് 8 ഇഞ്ച്‌ കനത്തിലുള്ള കളിമണ്‍ തട്ടാണ്. ഇതിൽ 3 ഇഞ്ച്‌ ഔട്ട്‌ ഫീൽഡിന്റെ നിരപ്പിൽ നിന്ന് മേലെയായിരിക്കണം. കളിമണ്ണിനു താഴെ 4 ഇഞ്ച്‌ കനത്തിൽ, 10% കളിമണ്‍ പൊടി കലർത്തിയ തീരെ പൊടിയായ (1.0 mm to 0.5 mm) മണൽ തട്ടാണ്. അതിനു താഴെ 4 ഇഞ്ച്‌ കനത്തിൽ 2 mm വലുപ്പമുള്ള പരുക്കൻ മണൽ തട്ടുമായിരിക്കും. 
         ഇത്തരം വിക്കറ്റുകളിൽ വിള്ളൽ കുറവായിരിക്കുമെന്നു മാത്രമല്ല, ചെറിയ വിള്ളലുകൾക്കുള്ളിൽ കൂടി വായു അകത്തു കടന്ന് വേരുകൾക്കരികിൽ എത്തുകയും തൻമൂലം കൂടുതൽ വേരുകൾ ഉത്പാദിപ്പിച്ച് പുല്ലിന്റെ വളർച്ച കൂടുകയും ചെയ്യും. ഈ തട്ടുകളിൽ കൂടി ജലത്തിന്റെ നീക്കവും കൂടുതലായിരിക്കും. 
         കളിമണ്‍ തട്ടിന്റെ താഴത്തെ തട്ടുകളാകെ വിക്കറ്റിന്റെ അടിത്തറയാണ്. അടിത്തറയുടെ ജോലി അധികമുള്ള ജലാംശത്തെയും ജലത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ലവണങ്ങളെയും നീക്കുക എന്നതാണ്. ഇഷ്ടിക, കരിങ്കല്ല്  മുതലായവ കൊണ്ട് അടിത്തറ ചെയ്യുന്നത്  കൊണ്ട് വിക്കറ്റിന് പ്രത്യേകിച്ച് സ്വഭാവ മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം പഴകിയ അശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നതിൽ അർത്ഥമില്ലാതായിരിക്കുന്നു. അടിത്തറയും പിച്ചിൽ നിന്ന് ലഭിക്കുന്ന ബൌണ്‍സും തമ്മിൽ ഒരു ബന്ധവുമില്ല എന്നു സാരം. 

ത്രിതല വിക്കറ്റിന്റെ നിർമ്മാണം  

ആദ്യം ശ്രദ്ധിക്കേണ്ട ചില മുഖ്യ കാര്യങ്ങൾ 

- എത്ര വിക്കറ്റുകളാണ് നിർമ്മിക്കേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കുക 
- കളിമണ്ണും പുല്ലും മറ്റും തിരഞ്ഞെടുത്ത് ആവശ്യമായ അളവിൽ സംഭരിക്കുക. മണ്ണ് ശരിയായ        അളവിൽ (size) ആക്കി ഉണക്കിയെടുക്കുക 
- കുഴിക്കേണ്ട സ്ഥലം അളന്ന്, 13 ഇഞ്ച്‌ താഴ്ച്ചയിൽ കുഴിക്കുക. അടിത്തട്ട് നിരപ്പാക്കി ഉറപ്പിക്കുക. 
- 1 : 100 അളവിൽ ചെരിവ് കൊടുത്ത് (വെള്ളം ഒഴുകിപ്പോകാൻ) ആ ലെവൽ എല്ലാ തട്ടുകളിലും നിലനിർത്തണം 
- വെള്ളം ഒഴുകി പോകാൻ തറ നിരപ്പിൽ നിന്ന് 2 അടി താഴെ കുഴലുകൾ സ്ഥാപിക്കുന്നത് നന്നായിരിക്കും. 

a) അടിത്തട്ട് 
           ത്രിതല വിക്കറ്റിന്റെ അടിത്തട്ട് 4 ഇഞ്ച്‌ കനത്തിൽ, 2 mm വലുപ്പത്തിലുള്ള പരുക്കാൻ മണൽ (കഴുകിയത്), 2 ഇഞ്ച്‌ വീതം രണ്ടു തവണയായി വിരിക്കണം. ആദ്യത്തെ 2 ഇഞ്ച്‌ വിരിച്ച ശേഷം നനച്ച് ഇരുത്തണം. ഓരോ തവണ വിരിക്കുമ്പോഴും ചെറിയ രീതിയിൽ കൈ മാന്തികൊണ്ട് മാന്തുന്നത് നന്നായിരിക്കും. ഈ പ്രതലം റോളർ ഉപയോഗിച്ച് ഉറപ്പിക്കരുത്. 
b) ഇടത്തട്ട് 
         ഇടത്തട്ടിൽ 4 ഇഞ്ച്‌ കനത്തിൽ പൊടിമണലും 10% കളിമണ്‍ പൊടിയും കലർത്തിയ മിശ്രിതം (ലോം) ആണ് ഇടേണ്ടത്. ഇവിടെയും ആദ്യം 2 ഇഞ്ച്‌ കനത്തിൽ വിരിച്ച്, ചെറുതായി മാന്തി, അടുത്ത 2 ഇഞ്ച്‌ വിരിക്കണം. ഈ ഇടത്തട്ട് ജലാംശം നിലനിർത്തി ശക്തമായ വേരുകളുടെ വളർച്ചക്ക് സഹായിക്കുന്നു. 
c) മുകൾ തട്ട് 
          മുകൾ തട്ടിൽ 8 ഇഞ്ച്‌ കനത്തിൽ കളിമണ്ണാണ് ഉപയോഗിക്കുന്നത്. ഇത് 3 തട്ടുകളിലായിട്ടാണ് ഇടുന്നത്. 15 mm ൽ കൂടാത്ത വലുപ്പമുള്ള ഉണങ്ങിയ മണ്ണ്, ആദ്യം 4 ഇഞ്ച്‌ കനത്തിൽ വിരിച്ച്, ചെറിയ തോതിൽ, പ്ലെയിറ്റ് വൈബ്രേറ്റർ ഉപയോഗിച്ച് ഉറപ്പിക്കുന്നു. നനക്കുകയോ അധികമായി ഉറപ്പിക്കുകയോ ചെയ്യരുത്. അധികം ഉറച്ചു പോയാൽ ജലം ഇറങ്ങാൻ സാധിക്കാതെ വരും. നിരപ്പ് പരിശോധിച്ച് ശരിയാക്കിയ ശേഷം, ചെറുതായി മാന്തി, വീണ്ടും 2 ഇഞ്ച്‌ കനത്തിൽ മണ്ണ് വിരിച്ച്,  വൈബ്രേറ്റർ ഉപയോഗിച്ച് ചെറിയ തോതിൽ ഉറപ്പിക്കുക. നിരപ്പ് ശരിയാക്കുക. 
                ഇപ്പോൾ വിക്കറ്റിൽ പുല്ല് നടുവാനുള്ള സമയമായി. ബർമൂഡ സിലക്ഷൻ എന്ന പുല്ല്, രണ്ട് ഞട്ടുകൾ മണ്ണിനു താഴെയും രണ്ട് ഞട്ടുകൾ മുകളിലുമായി , ഏകദേശം 45 ഡിഗ്രി ചരിച്ച് നടുക. ചെറിയ രീതിയിൽ നനക്കുക. വേര് പിടിക്കുന്നത്‌ വരെ നനവ്‌ അധികമാകരുത്‌. 
        പുല്ല് വളർന്ന് വന്നാൽ , 1 ഇഞ്ചിൽ കവിയാത്ത രീതിയിൽ രണ്ട് തവണ വീണ്ടും മണ്ണ് നിരത്തുക. പുല്ല് പൂർണമായും മൂടി പോകാതെ വേണം ഇത് ചെയ്യേണ്ടത്. വീണ്ടും പുല്ല് വളർന്നാൽ അവസാനത്തെ 1 ഇഞ്ച്‌ കനത്തിൽ മണ്ണ് ഇടുക. മേൽപറഞ്ഞ കാര്യങ്ങൾ ഇവിടെയും ശ്രദ്ധിക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം - ഒരിക്കലും കളിമണ്ണിന്റെ പൊടി ഉപയോഗിക്കരുത്. 
        പുല്ല് വളരുന്ന മുറക്ക് വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടാം. വെള്ളം കെട്ടി കിടക്കാൻ അനുവദിക്കാതെ ഇടക്കിടക്ക്  നനക്കുന്നതാണ് ഉത്തമം. 
           6 മുതൽ 8  ആഴ്ച സമയം കൊണ്ട് പുല്ല് ഇടതൂർന്ന് വളർന്നു വരും. ഈ കാലയളവിൽ ചെറിയതായി നനക്കൽ, കനം  കുറഞ്ഞ റോളർ ഉപയോഗിച്ച് റോളിംഗ്, നിരപ്പ് ശരിയാക്കൽ ഇവ ചെയ്യാം. പണി തീർന്ന വിക്കറ്റ്, ഔട്ട്‌ ഫീൽഡിൽ നിന്നും 3 ഇഞ്ച്‌ ഉയരത്തിലായിരിക്കും. 

2. ഓഫ് സീസണ്‍ പുനരുദ്ധാരണം 

a) പ്രവർത്തന പദ്ധതി ആസൂത്രണം 
- പുനരുദ്ധരിക്കപ്പെട്ട വിക്കറ്റിന് രണ്ടു മാസം വിശ്രമം വേണം. അതുകൊണ്ട് എത്ര വിക്കറ്റുകൾ പുനരുദ്ധരിക്കണമെന്ന് നേരത്തെ നിശ്ചയിക്കുക. മൽസരങ്ങളുടെ ക്രമീകരണം അധികാരികളുമായി ചർച്ച ചെയ്യുക. 
- ആവശ്യമായ മണ്ണ് (12 to 15 mm) സംഭരിച്ചു വയ്ക്കുക. ഓരോ വിക്കറ്റിനും ഏകദേശം 60 cft മണ്ണ് വേണ്ടി വരും. പൊടി  മണ്ണ് ഉപയോഗിക്കരുത്. 
- പുല്ല് - നിലവിൽ വിക്കറ്റിലുള്ള അതെ തരം പുല്ല് സംഘടിപ്പിക്കുക. 

b) പ്രവർത്തനരീതി 
രണ്ടു ദിവസം തുല്യ അളവിൽ നന്നായി വിക്കറ്റ് നനയ്ക്കുക. 
ഗ്രേഡൻ യന്ത്രം ഉപയോഗിച്ച്, ആദ്യം നേരെയും തുടർന്ന് ഇടത്ത് നിന്ന് വലത്തോട്ടും വെർട്ടി കട്ട് ചെയ്യുക. ഇടക്ക് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. 
കോറിംഗ് യന്ത്രം ഉപയോഗിച്ച് , കോറിംഗ് ചെയ്ത്, പ്രതലം വൃത്തിയാക്കുക. 
ചരടുകൾ കെട്ടി (1 അടി അകലത്തിൽ) നിരപ്പ് കണ്ടു വയ്ക്കുക. 
തയ്യാറാക്കിയ മണ്ണ്, 1 അടിയിൽ കൂടാത്ത പൊക്കത്തിൽ തുല്യമായി, നിരപ്പായി വിരിക്കുക. പലകയോ മറ്റോ ഉപയോഗിച്ച് നിരപ്പ് ശരിയാക്കുക. രണ്ടു ദിവസം നനക്കരുത്. പുല്ല് മണ്ണിനു മുകളിൽ വന്നാൽ ചെറിയ അളവിൽ നനച്ചു തുടങ്ങുക. 
പുല്ലില്ലാത്ത സ്ഥലങ്ങളിൽ നട്ട് കൊടുക്കണം. വള പ്രയോഗം നടത്തുക. ഓർഗാനിക് വളങ്ങൾ ഉപയോഗിക്കരുത്. 

3. ഓഫ് സീസണ്‍ ഔട്ട്‌ ഫീൽഡ് പുനരുദ്ധാരണം 

വിക്കറ്റിന്റെയും ഔട്ട്‌ ഫീൽഡിന്റെയും ജോലികൾ ഒരേ സമയത്ത് ചെയ്യുന്നതാണ് നല്ലത്. വിക്കറ്റിലേക്ക് വേണ്ട സാമഗ്രികൾ  ഔട്ട്‌ ഫീൽഡിൽ കൂടി വേണം കൊണ്ട് പോകാൻ എന്ന കാര്യം ഓർക്കുക. 

വേണ്ട സാമഗ്രികൾ 
i ) ചെറിയ തരികളായ മണൽ (0.02  to 0.25 mm) - അരിച്ചത്‌ 
ii ) അരിച്ച മണലിൽ വേപ്പിൻ പിണ്ണാക്ക്, ചകിരി ചോറ് മുതലായ വളങ്ങൾ ചേർക്കാം 
iii ) പുല്ല് - നിലവിൽ ഫീൽഡിലുള്ളത് 
iv ) ഉപകരണങ്ങൾ - വിക്കറ്റിന് ഉപയോഗിച്ചവ തന്നെ 
v ) കളനാശിനികൾ 

ഗ്രേഡൻ യന്ത്രം ഉപയോഗിച്ച് ഡീ താച്ച് ചെയ്യുക. അവശിഷ്ടങ്ങൾ എടുത്തു കളയുക. കളനാശിനി (വേണമെങ്കിൽ) തളിക്കുക. കോറിംഗ് യന്ത്രം ഉപയോഗിച്ച് എയറേറ്റ് ചെയ്യുക. ഇത് മൂലം ഫീൽഡിന്റെ കട്ടി കുറഞ്ഞു കിട്ടും. നിരപ്പില്ലാത്ത സ്ഥലങ്ങളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മണൽ - വളം മിശ്രിതം വിതറി നിരപ്പാക്കുക. ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം നനക്കുക. 
പുല്ല് നഷ്ടപ്പെട്ട സ്ഥലങ്ങളുണ്ടെങ്കിൽ നട്ടു കൊടുക്കുക. 
വള പ്രയോഗം നടത്തുക - NPK വളം 10,00 Sq. Ft ന് 2 Kg എന്ന അളവിൽ മൂന്നാഴ്ച ഇടവിട്ട് രണ്ടു തവണയായി ചെയ്യാം. സാധാരണ അളവുള്ള ഫീൽഡിന് 150 Kg വളം ഒരു തവണ ഇട്ടാൽ മതിയാവും. ആവശ്യമെങ്കിൽ urea അല്ലെങ്കിൽ potash ഉം നല്കാം. 
രണ്ടാഴ്ച കൊണ്ട് ഇടതൂർന്ന പച്ചപ്പ്‌ ദൃശ്യമാകും. 

4.യന്ത്രസാമഗ്രികൾ 

1. പിച്ച് മോവർ 
2. ഔട്ട്‌ ഫീൽഡ് മോവർ 
3. എയറേറ്റർ (കോറിംഗ്)
4. വെർട്ടി കട്ടർ (ഗ്രേഡൻ)
5. ടോപ്പ് ഡ്രസ്സർ 
6. സൂപ്പർ സോപ്പർ 

സമയാ സമയ പരിപാലനം 

1) ഗ്രീസിംഗ് 
2) എഞ്ചിൻ / ഗീയർ / ഹൈഡ്രോളിക് ഓയിൽ പരിശോധന 
3) ലീക്ക് ഉണ്ടോ എന്ന് പരിശോധന 
4) ഫിൽട്ടറുകൾ പരിശോധന 
5) ഓയിൽ / ഫിൽട്ടർ മാറ്റൽ 
6) ടയറിലെ കാറ്റിന്റെ പ്രഷർ പരിശോധന 
7) വൃത്തിയാക്കൽ 
8) ഇന്ധനം, ഓയിൽ ഇവ ആവശ്യത്തിന് സംഭരിച്ച് വക്കുക 
9) പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ രീതികൾ അറിഞ്ഞിരിക്കുക 
10) ഓരോ യന്ത്രത്തിന്റെയും ഉപയോഗം ശരിയാക്കി മനസിലാക്കിയിരിക്കുക  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ