പേജുകള്‍‌

2013, ജൂൺ 21, വെള്ളിയാഴ്‌ച

യൂത്ത്‌ കോണ്‍ഗ്രസ്‌
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയും, നാഷണല്‍ കോണ്‍ഗ്രസും സ്വാതന്ത്ര്യാനന്തരം അതിവേഗം ബഹുദൂരം മുന്നോട്ടുപോയി.
ഭരണ നിര്‍വ്വഹണ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു കോണ്‍ഗ്രസിന്റെ ഭാവി. സ്വാതന്ത്ര്യ സമരത്തിലെ ത്യാഗധനന്മാരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഭരണലഭ്യതയെ തുടര്‍ന്ന്‌ അല്‍പം അലസന്മാരായി അഥവാ സ്വാതന്ത്ര്യം നേടി ഇനി എന്താണ്‌ ലക്ഷ്യം. എന്താണ്‌ പരിപാടി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നെഹ്‌റുവിനെ അലട്ടിയിരുന്നു. പുതിയ ലക്ഷ്യബോധത്തോടുകൂടി കോണ്‍ഗ്രസിനുള്ളില്‍ ഒരു തിരുത്തല്‍ ശക്തി വളര്‍ന്നുവരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച്‌ 1954-ലെ ക്വിറ്റ്‌ ഇന്ത്യാ ദിനാഘോഷ സമ്മേളനവേളയില്‍ അദ്ദേഹം പ്രസംഗിച്ചു. മുതിര്‍ന്ന എല്ലാ നേതാക്കളും ആ ആശയത്തോടു യോജിപ്പു പ്രകടിപ്പിച്ചു.നെഹ്‌റുവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നു പേരെടുത്തിരുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി കാമരാജ നാടാരുടെ നേതൃത്വത്തില്‍ 1955-ലെ ആവഡി കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കികൊണ്ട്‌ നെഹ്‌റു പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു. ജനാധിപത്യ സോഷ്യലിസം അങ്ങനെ സജീവമായി.

ഇതാകട്ടെ അതുവരെ പുതുമ അവകാശപ്പെട്ടു നടന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും അതിലേയ്ക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരുന്ന യുവ സമൂഹത്തേയും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. 
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി അണിയറയില്‍ സജീവമായി സംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വം ദേശീയതലത്തിലും സംസ്ഥാനതലത്തിലും അവരോധിക്കപ്പെട്ടു. കേരളത്തിലും അങ്ങനെ 1966-ല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം സജീവമായി ആരംഭിച്ചു.ഒരു മലയാളിയായ രവീന്ദ്രവര്‍മ്മയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസിന്റെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്‌. പിന്നീട്‌ അദ്ദേഹം കോണ്‍ഗ്രസ്‌ വിട്ടു. കേന്ദ്രത്തില്‍ ജനതാ ഭരണകാലത്ത്‌ അദ്ദേഹം കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്നു. കേരളത്തില്‍ മലബാറില്‍ കെ. ഗോപാലനും തിരു-കൊച്ചിയില്‍ പാലാ കെ.എം. മാത്യുവുമായിരുന്നു ആദ്യ കണ്‍വീനര്‍മാര്‍. 1957 ല്‍ രൂപംകൊണ്ട കെ.എസ്‌.യുവും യൂത്ത്‌ കോണ്‍ഗ്രസും ഇരട്ടക്കുട്ടികളെപോലെയാണ്‌ കേരളത്തില്‍ പ്രവര്‍ത്തനം നടത്തിയത്‌. ആദ്യം കെ.എസ്‌.യു ആണ്‌ കേരളത്തില്‍ ശക്തി പ്രാപിച്ചത്‌. അവര്‍ തന്നെ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായും മാറി.

എ.സി. ജോര്‍ജും തുടര്‍ന്ന്‌ എം.എ. ജോണും തോപ്പില്‍ രവിയും സംസ്ഥാനത്തെ ആദ്യകാല യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരായിരുന്നു. ഇവര്‍ക്കൊപ്പം എ.സി. ജോസും വയലാര്‍ രവിയും കെ.എസ്‌.യു നേതാക്കളും. അഖിലേന്ത്യ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി കമ്യൂണിസ്റ്റുകാരായിരുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിലെ പുരോഗമനവാദികളുടെ ശക്തമായ പിന്തുണക്കാരായി യൂത്ത്‌ കോണ്‍ഗ്രസ്‌ മാറി. അറുപതുകളുടെ ആദ്യപകുതിയില്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നല്ലൊരു വിഭാഗം ആളുകള്‍ മുഴുവന്‍ സമയ യൂത്ത്‌ കോണ്‍ഗ്രസു പ്രവര്‍ത്തകരായി മാറി. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. 1963-ലെ ഭുവനേശ്വര്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ വച്ച്‌ സോഷ്യലിസ്റ്റ്‌ പ്രതിബദ്ധത ഒന്നുകൂടി ഉറക്കെ കോണ്‍ഗ്രസു പ്രഖ്യാപിച്ചു. ഈ സമ്മേളനത്തിനിടയിലാണ്‌ നെഹ്‌റുവിന്‌ ആദ്യമായി ഹൃദ്രോഗ ബാധയുണ്ടാകുന്നത്‌.

എ.ഐ.സി.സി തീരുമാനപ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ്‌ ക്യാബിനറ്റ്‌ മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും അധികാരമൊഴിഞ്ഞു സംഘടനാരംഗത്തേയ്ക്ക്‌ വന്നു. ഈ നിര്‍ദ്ദേശം വച്ചത്‌ കാമരാജ്‌ ആയിരുന്നു. ഇതിനെ കാമരാജി പദ്ധതി എന്ന്‌ വിളിക്കപ്പെട്ടു. തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്ഥാനം സ്വയം ഒഴിഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്‌. തുടര്‍ന്ന്‌ അദ്ദേഹം എ.ഐ.സി.സി പ്രസിഡന്റായി. മുതിര്‍ന്ന മന്ത്രിമാരായ മൊറാര്‍ജി ദേശായി, ജഗജീവന്‍ റാം അടക്കം പത്തോളം സീനിയര്‍ ക്യാബിനറ്റ്‌ മന്ത്രിമാര്‍ രാജിവയ്ക്കേണ്ടി വന്നു. ചുടലമായ ഇത്തരം തീരുമാനങ്ങള്‍കൊണ്ട്‌ വീണ്ടും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ നേതൃത്വം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുനയും ഘനവും കുറച്ചു. അങ്ങനെ 1964ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ത്യയില്‍ പിളര്‍ന്നു.1965-ല്‍ കാമരാജ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വം പിരിച്ചുവിട്ടു. 1966-ല്‍ ഉത്തരപ്രദേശില്‍ പഞ്ചവടിയില്‍ ചേര്‍ന്ന പുതിയ നാഷണല്‍ കൗണ്‍സില്‍ യൂത്ത്‌ കോണ്‍ഗ്രസിന്‌ പുതിയ ഭരണഘടനയും കര്‍മ്മ പരിപാടികളും അവതരിപ്പിച്ചു.
ഇതിനിടെ എ.കെ. ആന്റണി കെ.എസ്‌.യു പ്രസിഡന്റായി. കമ്യൂണിസ്റ്റ്‌ നുകത്തില്‍നിന്നും കേരളത്തെ മോചിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഒരു യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളത്തിന്‌ സംഭാവന ചെയ്തതില്‍ ആന്റണി - വയലാര്‍ രവി കൂട്ടുകെട്ടിനെ ആര്‍ക്കും ചെറുതായി കാണാന്‍ കഴിയില്ല.

1966-ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസിന്റെ ആദ്യ സംസ്ഥാന കണ്‍വീനര്‍ വയലാര്‍ രവിയായിരുന്നു. 1967-ല്‍ രവി അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായി. അപ്പോഴാണ്‌ ആന്റണി സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായത്‌. മുമ്പു വെളുത്തുള്ളി, കായല്‍ സമര നായകനായി രംഗത്തുവന്ന ആന്റണിയുടെ മുമ്പിലെ പ്രധാന വെല്ലുവിളി ഭക്ഷ്യപ്രതിസന്ധിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേയ്ക്ക്‌ നടത്തിയ പട്ടിണി മാര്‍ച്ച്‌ ഇ.എം.എസ്‌. ഭരണത്തിന്റെ ആണിക്കല്ലിളക്കാന്‍ ഏറെ സഹായിച്ചു. ഈ കാലയളവില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു കെ.എസ്‌.യു പ്രസിഡന്റ്‌. ഭക്ഷ്യസമരത്തെ തുടര്‍ന്ന്‌ തേവര മുരളി കൊല്ലപ്പെട്ട സംഭവം വിദ്യാര്‍ത്ഥികളെ മുഴുവന്‍ തെരുവിലിറക്കിയ പ്രക്ഷോപണ സമരത്തിന്‌ കാരണമായി.1968-ലെ പാലക്കാട്‌ നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ ക്യാമ്പ്‌ എക്കാലത്തെയും ശക്തമായ തീരുമാനങ്ങള്‍ക്കാണ്‌ വേദിയായത്‌. സ്വകാര്യ കൊമേഴ്സ്യല്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിയ്ക്കണമെന്നും രാജാക്കന്മാരുടെ പ്രിവി-പേഴ്സ്‌ നിര്‍ത്തലാക്കണമെന്നും വനഭൂമി ദേശസാല്‍ക്കരിക്കണമെന്നും, നഗരസ്വത്തിന്‌ പരിധി ഏര്‍പ്പെടുത്തണമെന്നും, തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം ലഭ്യമാക്കണമെന്നും ക്യാമ്പിലെ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‌ ദിശാബോധം നല്‍കിയ തീരുമാനങ്ങള്‍ പലതും ഇന്ദിരാഗാന്ധി ഉടനടി ഇന്ത്യയില്‍ നടപ്പാക്കി. ഏറ്റവുമൊടുവില്‍ 2006-ല്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും ഇന്ത്യയില്‍ നടപ്പാക്കി. ഇന്ത്യയില്‍ ആദ്യമായി തൊഴിലില്ലായ്മ വേതനം നല്‍കിയത്‌ ആന്റണി കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌.വിദ്യാഭ്യാസരംഗത്തെ മുന്‍നിര്‍ത്തി നടത്തിയ ഫീസ്സേകീകരണ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌ അന്നത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടിയും തുടര്‍ന്ന്‌ പ്രസിഡന്റായിരുന്ന പി.സി. ചാക്കോയും കെ.എസ്‌.യു പ്രസിഡന്റായിരുന്ന വി.എം. സുധീരനും ചേര്‍ന്നായിരുന്നു. സുധീരന്‍ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായി. ഇതിനിടെ താക്കോല്‍ സ്ഥാനങ്ങളിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കടന്നു കയറണമെന്ന വളരെക്കാലത്തെ ആവശ്യത്തിന്റെ സാക്ഷാത്കാരംപോലെ 33 വയസു തികയും മുമ്പു ആന്റണി കെ.പി.സി.സി പ്രസിഡന്റും 37 വയസു തികയുംമുമ്പു മുഖ്യമന്ത്രിയുമായി. 1972-ല്‍ വയലാര്‍ രവി വര്‍ക്കിംഗ്‌ കമ്മിറ്റിയില്‍ എത്തിയപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ ആഗ്രഹസഫലീകരണത്തിന്റെ അപൂര്‍വ്വനിമിഷങ്ങളായിരുന്നു അത്‌.

മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചും തുടര്‍ന്ന്‌ ജി. കാര്‍ത്തികേയന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഉയര്‍ത്തിയ ഏകകക്ഷി ഭരണമെന്ന മുദ്രാവാക്യവും ഇന്നും യൂത്ത്‌ കോണ്‍ഗ്രസിന്റെ ഹരമായി തന്നെ നില്‍ക്കുന്നു. കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മുന്‍കാലത്ത്‌ യൂത്ത്‌ കോണ്‍ഗ്രസിനെ നയിച്ചു. കെ.എസ്‌.യു. യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നീ സംഘടനകളെ കേരളത്തിലും ഇന്ത്യയിലും പ്രസിഡന്റായി നയിയ്ക്കാന്‍ അപൂര്‍വ്വമായ ഭാഗ്യം ലഭിച്ച രമേശ്‌ ചെന്നിത്തലയുടെ കാലത്തു നടന്ന കേരള മാര്‍ച്ച്‌ ഇന്നും അണികളെ ആവേശം കൊള്ളിക്കുന്നുണ്ട്‌. രമേശിന്റെ നേതൃത്വത്തില്‍ നടന്ന മഹാസംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ്‌ രാജീവ്‌ ഗാന്ധി പഞ്ചായത്ത്‌ രാജിന്‌ വേണ്ടി പുതിയ മാന്‍ഡേറ്റു തേടുവാന്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടുവാനുള്ള പ്രഖ്യാപനം 1989-ല്‍ നടത്തിയത്‌. പന്തളം സുധാകരനും തുടര്‍ന്ന്‌ കെ.സി. വേണുഗോപാലും കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസിനെ നയിച്ചു. 1994-ല്‍ നടത്തിയ യുവസാഗരം ഉത്ഘാടനം ചെയ്തത്‌ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവായിരുന്നു. കെ.സിയ്ക്കുശേഷം കെ.പി. അനില്‍കുമാറും ടി. സിദ്ധിക്കും പി സി വിഷ്ണുനാഥും ശ്രദ്ധേയമായ നേതൃത്വമാണ്‌ യൂത്ത്‌ കോണ്‍ഗ്രസിനു നല്‍കിയത്‌. ഓരോ മണല്‍തരികളെയും കോരിത്തരിപ്പിച്ചുകൊണ്ട്‌ നമുക്കൊന്നായി പറയാം... വരും തലമുറയ്ക്കായി രാഹുലിനൊപ്പം... അങ്ങനെ സമൂല മാറ്റത്തിനായി സമര്‍പ്പിത യുവത്വം എന്ന നമ്മുടെ മുദ്രാവാക്യം നാളത്തെ ചരിത്രമാകട്ടെ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ