പേജുകള്‍‌

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

 മായാത്ത മരണമില്ലാത്ത ചരിത്ര നായിക

" ഇന്ദിരയെ സ്മരിക്കൂ 
  ഇന്ത്യയെ രക്ഷിക്കൂ"

ഈ മുദ്രാവാക്യത്തിന് ഇന്നും പ്രസക്തി ഉണ്ട്. ഭാരതത്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറെക്കാലം ശബ്ദമുഖരിതമാക്കിയ മുദ്രാവാക്യമായിരുന്നു 'ഇന്ദിരയെ വിളിക്കൂ,ഇന്ത്യയെ രക്ഷിക്കൂ'. വർണ്ണ,വർഗ വ്യത്യാസമില്ലാതെ ഒരു വലിയ ജനവിഭാഗത്തിന്റെ വികാരവും സ്വപ്നവും പ്രതീക്ഷകളുമായിരുന്നു അതിൽ തുടിച്ചിരുന്നത്. നെഹ്‌റുവിന്റെ കാലത്തിനു ശേഷം ഏറ്റവുമധികം ആവർത്തിച്ച് ഉച്ചരിച്ച പേരും മറ്റൊന്നല്ല. ഭാരതത്തിന്റെ ചരിത്രത്തിൽ ധീരതയുടെ പതാകയണിഞ്ഞു നിൽക്കുന്ന ഏറ്റവും തേജോമയിയായ ചരിത്ര നായിക.

1984 ഒക്ടോബർ 31. ഇന്ത്യയുടെ അമ്മ ഇന്ദിര, ഭാരത ജനതയുടെ കണ്ണുകളെ ഒന്നടങ്കം ഈറനണിയിച്ച് ഓർമ്മകളിലേക്ക് നടന്നു നീങ്ങി. ഒരു കാലഘട്ടത്തെ അതിജയിച്ച ആ  വ്യക്തി പ്രഭാവത്തിന് കാരിരുമ്പിനേക്കാൾ കരുത്തുണ്ടായിരുന്നു. ഇന്ത്യയുടെ മതേതര മൂല്യങ്ങളെ വാനോളം ഉയർത്തിപ്പിടിച്ച് ധീര രക്തസാക്ഷിത്വം വഹിച്ച രാഷ്ട്ര മാതാവ് നമുക്ക് സമ്മാനിച്ചത്‌ പുരോഗമനപരമായ പ്രതിഛായയാൽ മുന്നോട്ട് കുതിക്കുന്ന രാജ്യത്തെയാണ്.

ത്രിവർണ്ണത്തെ കറുപ്പ് മൂടിയ ആ ഒരു ദിനത്തിൽ നമ്മൾ ഒരുപാട് ദൂരം പിന്നോട്ട് പോയി.മതാന്ധൻമാരുടെ തുപ്പാക്കിയിലെ തുളച്ചു കയറിയ  വെടിയുണ്ടകൾ ഭാരത മനസ്സിൽ ഉണങ്ങാത്ത മുറിപ്പാടായി. ഭാരത    ചരിത്രത്തിന്റെയും വർത്തമാന കാലത്തിന്റെയും ഭാവിയുടെയുമെല്ലാം ഗതി നാല്പതു സെക്കന്റുകൾ കൊണ്ട് ചരിത്രമായി.  വേലിയേറ്റവും വേലിയിറക്കവുമായി ഏതു പ്രതിസന്ധിയേയും,പിന്നിൽ പതുങ്ങിയിരുന്ന മരണത്തെപ്പോലും  കൂസലില്ലാതെ നേരിട്ട ഉരുക്ക് വനിതയുടെ കാലഘട്ടത്തിന് സമാനതകളില്ല.

രാജ്യത്തെ സ്നേഹിച്ച് രാജ്യത്തിന് വേണ്ടി മരിച്ച ഇന്ദിരാ പ്രിയദർശിനി സ്വാതന്ത്ര്യ സമരത്തിലും ദേശീയ പ്രസ്ഥാനത്തിലും ധീരോജ്വലമായ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു. പ്രഗത്ഭ ഭരണാധികാരി എന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിച്ചു.പുറത്തു  പറയാൻ മടി കാണിച്ച രാഷ്ട്രീയ എതിരാളികൾ പോലും മനസ്സിൽ ഇത് പലകുറി ആവർത്തിച്ചു. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഭാരതം തലയുയർത്തി നിന്നു. അലങ്കാര വാക്കുകളോ ഗിമ്മിക്കുകളോ ഇന്നത്തെ ഫാഷൻ നേതാക്കന്മാർ കാണിക്കുന്ന ചലഞ്ചുകളോ കൊണ്ടൊന്നും ആ പേരിനെ പൊലിപ്പിക്കേണ്ടതില്ല.

ഒരു മൊട്ടു സൂചിപോലും ഉത്പാദിപ്പിക്കാൻ ഗതിയില്ലാതിരുന്ന ഈ രാജ്യത്തെ ഭക്ഷ്യ സ്വയം പര്യപ്തമെന്ന് ലോകത്തോട് പ്രഖ്യാപിച്ച ധീര ഭരണാധികാരി ഇന്ദിരാ ഗാന്ധി

 ഇന്ത്യയെ ഇന്നും സാമ്പത്തിക  പ്രതിസന്ധിയില്‍പ്പെടാതെ താങ്ങിനിർത്തുന്ന ബാങ്ക് ദേശസാൽക്കരണം വഴി സാധാരണക്കാരന് അപ്രാപ്യമായിരുന്ന ബാങ്കിംഗ് മേഖലയെ ജനകീയമാക്കി

രൂപയുടെ മൂല്യശോഷണത്തെയും എണ്ണ പ്രതിസന്ധിയെയും പിടിച്ചു നിർത്തിയ ഇന്ദിരാ മാജിക്ക് 

രാജാക്കന്മാരുടെ പ്രിവിപഴ്സ് നിർത്തലാക്കി 

ഹരിത വിപ്ലവത്തിലൂടെയും ധവള വിപ്ലവത്തിലൂടെയും വിപ്ലവത്തിന്റെ നേർരേഖകൾ ഭാരത മണ്ണിൽ 

ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയേയും, സ്ഥിരതതേയും കാത്തു സൂക്ഷിക്കുക എന്ന ഇന്ദിരയുടെ ലക്ഷ്യം 1974 ൽ ‘ബുദ്ധൻ ചിരിക്കുന്നു’ എന്നു രഹസ്യ പേരിൽ വിജയ രഥത്തിൽ 

ബഹിരാകാശ രംഗത്ത് ഇന്ന് ലോകരാഷ്ട്രങ്ങൾ അത്ഭുതത്തോടെ നോക്കുന്ന ഇന്ത്യ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണങ്ങൾക്ക്‌ നേതൃത്വം കൊടുത്ത ഇന്ദിരാ ഗാന്ധി

യുദ്ധമല്ല സമാധാനമാണ് വലുത്. ഷിംല സമാധാന ഉടമ്പടി ഇന്ത്യക്ക് വേണ്ടി ഇന്ദിര ഒപ്പ് വെച്ചു 

ബംഗ്ലാദേശിന്റെ വിമോചനത്തിനായി അങ്ങോട്ട് സൈന്യത്തെ അയച്ചു സഹായിച്ച  ഇന്ദിര.കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട  പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ഇന്ദിര.ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിൽ   വിജയം നേടിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി 

ഇന്ത്യ നേരിട്ട യുദ്ധ ചരിത്രത്തിൽ സമാനതകളില്ലാത്ത മറുപടി കൊടുത്ത് ശത്രു പക്ഷത്തെ നിഷ്പ്രഭമാക്കി പ്രതിസന്ധിയിലാക്കിയ ഇന്ദിര 

ചേരിചേരാ രാഷ്ടങ്ങളുടെ അദ്ധ്യക്ഷയായി അന്താരാഷ്ട്ര രംഗത്ത് മൂന്നാം ലോക രാജ്യങ്ങളെ നയിച്ച ഇന്ദിര 

അസ്വതന്ത്ര രാഷ്ട്രങ്ങളുടെ സമരങ്ങള്‍ക്ക് ഇന്ദിരയുടെ  പിന്തുണ

സാമ്രാജ്യത്വ  ശക്തികളുടെ ദുര്‍മോഹങ്ങളെ ചെറുത്ത ഇന്ദിര 

ആഭ്യന്തര പ്രശ്നങ്ങളെ ആർജവത്തോടെ നേരിട്ട ഇന്ദിര 

സിക്കിമിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കിയ ഇന്ദിര 

സുവർണ്ണ ക്ഷേത്രം വിഘടന വാദികൾ ആയുധ പുരകളാക്കി അക്രമം അഴിച്ചു വിട്ടപ്പോൾ ഭാരതത്തിന്റെ ഐക്യത്തിനും അഘന്ഡതക്കും വേണ്ടി പോരാടി ഓരോ തുള്ളി രക്തവും ബലി കൊടുക്കേണ്ടി വന്ന പ്രിയ പ്രിയദർശിനി....  പരലോകം പ്രാപിച്ച ചരിത്ര നായകരുടെ മഹാസദസിലേക്ക് തുഷാരബിന്ദുവിന്റെ നൈർമ്മല്യവും വജ്രത്തിന്റെ കാഠിന്യവും ഒത്തുചേർന്ന് ഇന്ദിരാഗാന്ധി കടന്നു ചെന്നപ്പോൾ അനുഭവപ്പെട്ട ചലനം, ഒരു പക്ഷെ വിഭാവനത്തിനും അപ്പുറമാകും. ആ വടിവിൽ വാർത്തെടുത്ത ഒരു മഹാവ്യക്തിത്വത്തിന്റെ പ്രശോഭ ഈ മണ്ണിൽ ഇന്നും നമ്മൾ അനുഭവിച്ചുപോരുന്നു എന്നത് നമുക്കെത്ര അഭിമാനമാണ്.
പ്രണാമങ്ങളോടെ..... 

ദുർഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധിയെന്ന് പറഞ്ഞ് ആക്ഷേപിച്ച വാജ്പേയിക്ക് ഇന്ദിര വെട്ടി തെളിച്ച വഴിയിൽ ഗദയുമായി കാഴ്ചക്കാരൻ ആകാൻ നിയോഗമുണ്ടായി.ഇന്ന് ആ ഗദ മോഡി ചുമക്കുമ്പോൾ ഇന്ദിരയേയും കോണ്‍ഗ്രസിനെയും ചരിത്രത്തിൽ പോലും ഇല്ലാതാക്കാൻ നടത്തുന്ന ഗൂഡശ്രമങ്ങളെ നാം തിരിച്ചറിയണം.ഇവർ ഇല്ലാതാക്കുന്ന മതേതര  ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനേ കഴിയൂ.അതിനായി ഇന്ദിരയെ പോലെ  കരുത്തരായ നേതാക്കന്മാർ നമ്മുടെ മുന്നിൽ വിരിച്ചിട്ട വീഥിയിലൂടെ  സഞ്ചരിക്കാം.
ആ മുദ്രാവാക്യം ഇങ്ങനെയാവട്ടെ ''കോണ്‍ഗ്രസിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ''

(ഇന്ദിരാ  പ്രിയദർശിനിയെക്കുറിച്ച് എഴുതിയതിനേക്കാൾ കൂടുതൽ ഒരു പക്ഷെ എഴുതാത്തതാവും.ഇന്ദിരാജിയോടുള്ള ആദരപൂർവ്വം...)
വിവരങ്ങൾക്ക് കടപ്പാട്:
ശ്രീ.ടി.സിദ്ദിഖ് 
ശ്രീമതി.ലതിക സുഭാഷ് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ