പേജുകള്‍‌

2017, ജനുവരി 3, ചൊവ്വാഴ്ച

ജാതിയും മതവും വംശവും - തെരഞ്ഞെടുപ്പിൽ

രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി ജാതിയും മതവും വംശവും ഉപയോഗിക്കരുതെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. ജാതി രാഷ്ട്രീയവും മതരാഷ്ട്രീയവും ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി വിധി ഏറെ പ്രാധാന്യമുള്ളതാണ്. മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടു ചോദിക്കുന്നത് കുറ്റകരമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയ്ക്ക് വിധേയമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് ഒരു മതേതര പ്രക്രിയയാണ്. ജാതിക്കും മതത്തിനും അതില്‍ ഇടമില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രതിനിധി മതേതരമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഇത്തരത്തില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധി. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം ഇവ ഉപയോഗിച്ചു എതിരാളിയെ ഇകഴ്ത്താനുള്ള ശ്രമവും കുറ്റകരമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കണം. ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണ്. ഇതനുസരിച്ചു തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ഭരണകൂടത്തിനിടപെടാനാകില്ലെന്നും അതിനുള്ള അധികാരമില്ലെന്നും സുപ്രിംകോടതി നിരീക്ഷിക്കുന്നു. 1995ല്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ഒരു തെരഞ്ഞെടുപ്പ് കേസില്‍ ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിത രീതിയും മാനസികാവസ്ഥയുമാണെന്ന് വിധിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. ഏഴംഗ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. സുപ്രിംകോടതിയുടെ തീക്ഷ്ണമായ നിരീക്ഷണങ്ങള്‍ പലതും ഹിന്ദുത്വ രാഷ്ട്രീയം കളിച്ചു ഭരണാധികാരം പിടിച്ചെടുത്ത ബി ജെ പിയ്ക്ക് നേരെയുള്ള പരോക്ഷ വിമര്‍ശനമായി തോന്നിയാല്‍ വിസ്മയപ്പെടേണ്ടതില്ല. മതതീവ്രത വളരെയേറെ പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് സുപ്രിംകോടതി ഇത്തരം നിരീക്ഷണം നടത്തിയത്. വരാനിരിക്കുന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമജന്മഭൂമി വിവാദം വീണ്ടും കുത്തിപ്പൊക്കാനുള്ള സംഘ പരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെയുള്ള കനത്ത പ്രഹരമാണ് സുപ്രിംകോടതി വിധി. 1980കളിലും 90കളിലും രാമജന്മഭൂമി രാഷ്ട്രീയ വിവാദമാക്കി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയായിരുന്നു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മതത്തെയും മതചിഹ്‌നങ്ങളെയും ഉപയോഗിച്ചു തുടങ്ങിയത്. രഥയാത്രയും രാമജന്മഭൂമി പ്രക്ഷോഭവും നാടെങ്ങും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചു. മതേതരത്വം രാജ്യത്തിന്റെ അടിസ്ഥാനമൂല്യമാണെന്ന് പ്രഖ്യാപിച്ച ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സംഘ്പരിവാര്‍ നയിച്ച പ്രക്ഷോഭം. രാമജന്മഭൂമി സമരം ഏറ്റെടുത്ത ബി ജെ പിയ്ക്ക് തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. ഈ പ്രക്ഷോഭം നയിച്ച ബി ജെ പി പലതവണ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം എന്ന വാഗ്ദാനം അവര്‍ പൂര്‍ത്തീകരിച്ചില്ല. ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിട്ട് വോട്ട് നേടുന്നതിനപ്പുറം തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയും കൂറും അവര്‍ക്ക് ഉണ്ടായിരുന്നില്ല. രാമക്ഷേത്രപ്രക്ഷോഭത്തിന്റെ അതേ മാര്‍ഗത്തിലൂടെയായിരുന്നു 2002ല്‍ ഗുജറാത്തിലും 2014ല്‍ യു പിയിലെ മുസഫര്‍നഗറിലും വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു ബി ജെ പി അധികാരത്തിലെത്തിയത്. അടുത്ത് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത് ഇത്തരം കാലാപം തന്നെയാണ്. സുപ്രിംകോടതിയുടെ ഈ വിധി ചരിത്രപരമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും സുപ്രിംകോടതി വിധി സംരക്ഷണം നല്‍കുമെന്ന് തീര്‍ച്ച.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ