പേജുകള്‍‌

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഭൂഗോളത്തിന്റെ മൊത്തം സ്പന്ദനം പറയുന്ന സേർച്ച് എൻജിൻ ഗൂഗിളിന്റെ അംഗീകാരം ഇടുക്കിയിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക്.
ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇടുക്കിയിലെ പതിനാറുകാരൻ ജുബിറ്റ് ജോൺ. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഈ മെയിൽ സർവീസ് ആയ ഗൂഗിളിന്റെ ജിമെയിലിലെ പിഴവ് ചൂണ്ടിക്കാട്ടിയതിനാണ് ഈ കൊച്ചുമിടുക്കൻ ഈ അംഗീകാരം കരസ്ഥമാക്കിയത്.
ജി  മെയിലിൽ ഗൂഗിൾ അവകാശപ്പെടുന്ന പ്രൈവസി ഇല്ലാതെയാക്കാമെന്നും ആരുടെ ജി മെയിൽ അക്കൗണ്ടും ഹാക്ക് ചെയ്യാമെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് ജുബിറ്റ് ജോൺ ഗൂഗിളിനെ അറിയിച്ചത്. ആരുടേയും സ്വകാര്യ വിവരങ്ങളിലേക്കും കടക്കാവുന്നതും, ഈ മെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന സകല ഓൺലൈൻ നെറ്റ് വർക്കിലേക്കുമുള്ള പ്രവേശനവുമെല്ലാം ഹാക്ക് ചെയ്യുന്നവർക്ക് സാധ്യമാണെന്നതായിരുന്നു ജുബിറ്റ് പറഞ്ഞതിന്റെ സാരം.
ജെ മെയിലുമായി ബന്ധപ്പെട്ട ഒരു ബഗ്ഗ്‌ ആണ് ജുബിറ്റ് റിപ്പോർട്ട് ചെയ്തത്. ജുബിറ്റ് പറഞ്ഞ സുരക്ഷാവീഴ്ച ശരിയാണെന്നു മനസിലാക്കിയ ഗൂഗിൾ അത് പരിഹരിക്കാനുള്ള നടപടികളും തുടങ്ങി.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരം അനുസരിച്ചു നൽകുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ പട്ടികയിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇത് അറിയപ്പെടുന്നത്.
ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും നിലവാരവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനവും അതുപോലെ സമ്മാനത്തുകയും നിർണയിക്കുന്നത്. 74 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ജുബിറ്റിന്റെ സ്ഥാനം 48–ാം പേജിലാണ്.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജുബിറ്റ് ജോൺ. ഇടുക്കി തൂക്കുപാലം സ്വദേശി സിബി കിഴക്കേമുറിയുടെയും ജെസിയുടെയും മകനാണ് ജുബിറ്റ്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജെറിൻ ജോൺ ഏക സഹോദനാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ