വിവര കൈമാറ്റത്തിന് മൈക്രോ ബ്ലോഗിംഗ്
ബ്ലോഗിംഗിന്റെ പുതിയ രൂപമാണ് മൈക്രോ ബ്ലോഗിംഗ്. പ്രത്യേകം സജ്ജമാക്കിയ വെബ്സൈറ്റുകളുടെ സഹായത്തോടെ പേഴ്സണല്‍ ബ്ലോഗിലേക്കോ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് മുഖേനയോ ചെറിയ സന്ദേശങ്ങള്‍ കൈമാറുന്ന രീതിയാണിത്. ബിസിനസ് മേഖലയിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിവര കൈമാറ്റത്തിന് പുറമെ കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരസ്പരം ഏത് സമയത്തും ബന്ധപ്പെടാനും ഇതുപയോഗിക്കാം. സാധാരണഗതിയില്‍ 140 മുതല്‍ 200 വരെ അക്ഷരങ്ങളുള്ള തല്‍സമയ വിവര കൈമാറ്റമെന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ മൈക്രോ ബ്ലോഗിംഗ് സേവനം അവതരിപ്പിക്കപ്പെട്ടത് ആറ് മാസം മുമ്പാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൈക്രോ ബ്ലോഗ് ഏത് സമയത്തും അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്ത ഈ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും എവിടെയും എപ്പോഴും സ്വീകരിക്കാം. എസ്.എം.എസ് മുഖേന പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാം. മൈക്രോ ബ്ലോഗിംഗിന് ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നീ രൂപങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ചില സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഇപ്പോള്‍ ഈ സേവനം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, ബി.ബി.സി തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളും മൈക്രോ ബ്ലോഗിംഗ് രംഗത്തേക്ക് കടന്നിരിക്കയാണ്. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിത്തിന് വേണ്ടിയുള്ള മല്‍സരങ്ങളില്‍ ബറാക്ക് ഒബാമ മൈക്രോ ബ്ലോഗിംഗ് സംവിധാനത്തെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. Twitter, smsgupshup, vakow, yewoh, snockles, kwippy, MOBS, mytoday, funpiper തുടങ്ങിയവ ഇന്ത്യയിലെ പ്രധാന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളാണ്.
*****
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ